District News
വൈപ്പിൻ: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 2,22,000 രൂപ തട്ടിയതായി പരാതി. ഞാറക്കൽ കോലഞ്ചേരി ഫൈനാൻസിൽ നിന്നും ഈ മാസം പതിനൊന്നിനും, 14 നും രണ്ടു ദിവസങ്ങളിലായിട്ടാണ് പണ്ടങ്ങൾ പണയം വച്ചത്. 916 എന്ന് വ്യാജ മുദ്ര പതിച്ച പണ്ടങ്ങൾ പരിചയക്കാരിയായ ഒരു സ്ത്രീയാണ് പണയം വച്ചതെങ്കിലും ഇതിന് പിന്നിൽ മറ്റൊരാൾ ഉണ്ടെന്നാണ് സൂചന.
സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ ഞാറക്കൽ പോലീസിനു നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പണയം വച്ച സ്ത്രീയുടെ സഹായത്തോടെ യഥാർഥ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.
District News
പാലാ : വലിയ പാലത്തിന് താഴെ നഗരസഭയുടെ പുറമ്പോക്ക് ഭൂമി കൈയേറി ബങ്കര്‍ നിര്‍മിച്ചതായി പരാതി.
റിവര്‍വ്യൂ റോഡിനെയും ആശുപത്രി ജംഗ്ഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ബസ് സ്റ്റോപ്പുകളിലേക്കുള്ള നടപ്പ് വഴി കൈയേറിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് എന്നും നഗരസഭയുടെയോ പൊതുമരാമത്തിന്റെയോ അനുമതിയില്ലാതെ കൈയേറ്റത്തിലൂടെയാണ് കെട്ടിടം പണിതുയര്‍ത്തിയതെന്നും പൊതുപ്രവര്‍ത്തകനായ അജി മാര്‍ക്കോസ് പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.
അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ നഗരസഭാ പടിക്കല്‍ ശവപ്പെട്ടിയില്‍ കിടന്ന് ധര്‍ണ നടത്തി.
ജനറൽ ആശുപത്രിയിലേക്ക് വരുന്നതും പോകുന്നതുമായ രോഗികളും ബന്ധുക്കളും സ്കൂള്‍ കുട്ടികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പടിയാണ് കെട്ടിടം നിര്‍മിച്ച് തടസപ്പെടുത്തിയിരിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റി പൊതുജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്ന് അജി മാര്‍ക്കോസ് ആവശ്യപ്പെട്ടു.
നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും മൂന്ന് തവണ നോട്ടീസ് കൊടുത്തതിന് ശേഷം മാത്രമേ പൊളിച്ചു നീക്കാന്‍ സാധിക്കൂ എന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ചെയര്‍പേഴ്സണ്‍ ദിയാ ബിനു പറഞ്ഞു
District News
നടുവിൽ: നടുവിൽ പഞ്ചായത്തിൽ റോഡ് പണി നടത്താതെ തന്നെ ഫണ്ട് ലഭ്യമാക്കിയതായി വ്യാപക പരാതി. പത്താം വാർഡിലെ കൈതളം-പുല്ലംവനം റോഡ് ആണ് അറ്റകുറ്റപ്പണി നടത്തിയതായി വ്യാജമായി രേഖപ്പെടുത്തി കരാറുകാരൻ ലക്ഷണങ്ങൾ തരപ്പെടുത്തിയയെന്നാണ് കണ്ടെത്തിയി രിക്കുന്നത്. റോഡിൽ നിർമാണ പ്രവർത്തനം ഒന്നും നടത്തിയിട്ടില്ലെന്ന് കാണിച്ച് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പരാതി കഴമ്പുള്ളതാണെന്നും ഇതിൽ വൻ അഴിമതി നടന്നതായതും തെളിഞ്ഞത്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ വിജിലൻസിന് ഉൾപ്പെടെ പരാതി നല്കാൻ ഒരുങ്ങുകയാണ്. വിഷയത്തിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
നടുവിൽ പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന് അറ്റകുറ്റപ്പണി നടത്തിയതായി രേഖയുണ്ടാക്കി പഞ്ചായത്തിൽ നിന്ന് 10.21 ലക്ഷം രൂപ കരാർകാരന് അനുവദിച്ചതായി രേഖകൾ ഉള്ളത്.
District News
അമ്പലപ്പുഴ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട് പുന്നമൂട്ടിൽ സംനാദിന്റെ മാതാവ് ശാന്തിയും ഭാര്യ അശ്വിനിയും ചേര്‍ന്നാണ് ഇതുസംബന്ധിച്ച് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഭരണങ്ങള്‍ കാണാതായ വിവരം അറിയുന്നത്. യാത്രപോകാനായി ഒരുങ്ങി ആഭരണങ്ങള്‍ എടുക്കാനായി അലമാരതുറന്നപ്പോളാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നാണ് ഭര്‍തൃമാതാവായ ശാന്തിയോടൊപ്പം പോലീസില്‍ പരാതി നല്‍കിയത്. സംനാദ് വിദേശത്താണ്. പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.